Tuesday, February 07, 2006

പഞ്ചാംഗം വേണോ, പഞ്ചാംഗം?

2006-ലെ മലയാളം പഞ്ചാംഗം നിങ്ങളുടെ നാട്ടിലെ സമയത്തില്‍ വേണോ? ഇതുണ്ടെങ്കില്‍ വിശേഷദിവസങ്ങളും സമയങ്ങളും നാളും തിഥിയുമൊക്കെ അറിയാന്‍ നാട്ടിലെ കലണ്ടര്‍ നോക്കിയിട്ടു ഗണിതക്രിയകള്‍ ചെയ്യേണ്ട.

വേണ്ടവര്‍ ഉമേഷ്‌.പി.നായര്‍@ജീമെയില്‍.കോം എന്ന വിലാസത്തില്‍ താഴെപ്പറയുന്ന വിവരങ്ങള്‍ അയയ്ക്കുക:

1) സ്ഥലപ്പേരു്‌, രാജ്യത്തിന്റെ പേരു്‌
2) അക്ഷാംശം (Latitude)
3) രേഖാംശം (Longitude)
4) Daylight Savings Time ഉണ്ടെങ്കില്‍ എന്നു തുടങ്ങുന്നു, എന്നു തീരുന്നു എന്ന വിവരം

ബാക്കി അറിയില്ലെങ്കില്‍ (1) മാത്രം അയയ്ക്കുക. ബാക്കി ഞാന്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കാം. (ഗൂഗിളല്ലേ ഉള്ളതു്‌?)

ആര്‍ട്ടിക്‌ സര്‍ക്കിളിനും അന്റാര്‍ട്ടിക്‌ സര്‍ക്കിളിനുമിടയ്ക്കു കിടക്കുന്ന ഏതു പ്രദേശത്തിന്റെയും മലയാളം പഞ്ചാംഗം തയ്യാറാക്കാം.

സാമ്പിള്‍ (അമേരിക്കയിലെ പോര്‍ട്ട്‌ലാണ്ടിന്റേതു്‌) കാണണമെങ്കില്‍ ഇവിടെ നോക്കുക.

കുറിപ്പു്‌:
1) ഇതില്‍ കണക്കുകള്‍ മാത്രമേ ഉള്ളൂ. ഭാവിഫലവും പ്രവചനവും മറ്റു ജ്യോതിഷകാര്യങ്ങളും ഇല്ല.
2) 2006-ന്റേതു മാത്രമല്ല, ഏതു വര്‍ഷത്തിന്റെയും കലണ്ടര്‍ ഇതുപോലെ ഉണ്ടാക്കാം.

11 Comments:

At 12:59 AM, Blogger myexperimentsandme said...

ആരും ഇതു കണ്ടില്ലേ? വളരെ നല്ല ഒരു സംരംഭം. മനോരമയോ മറ്റോ കണ്ടിരുന്നെങ്കില്‍ എപ്പോ ഇതു വിറ്റു കാശാക്കി എന്നു ചോദിച്ചാല്‍ മതി.

വക്കാരിനാടിന്റെ ഉമേഷ്‌ജി തയ്യാറാക്കി. ഇനി ഇവിടെയുള്ള മല്ലുജിന്‍സിനെയൊക്കെ ഒന്നു കാണിക്കണം.

 
At 1:12 AM, Blogger ദേവന്‍ said...

ആഹാ ജ്യോതിഷ രത്നം ഡോ. ഉമേഷ്‌ പണിക്കര്‍ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടന്‍സി തുടങ്ങിയോ? (വക്കാരിക്ക്‌ ഇപ്പോ ഗജകേസരിയോഗമാ അല്ലേ?)

 
At 1:16 AM, Blogger myexperimentsandme said...

ദേവേട്ടാ വേഗം ഗണിച്ച് വാങ്ങിച്ചോ. ഉമേഷ്‌ജിയുടെ പ്രവചനങ്ങളൊക്കെ അച്ചട്ടാ. ദേവേട്ടനൊരു ഭൂതമാണെന്നും അധികം വര്‍ത്തമാനം പറഞ്ഞില്ലെങ്കില്‍ നല്ലൊരു ഭാവിയുണ്ടെന്നും ചിലപ്പോള്‍ ഉമേഷ്‌ജി കണ്ടുപിടിക്കും.

(ഉമേഷ്‌ജീ, ചുമ്മാതാണെ. ദേവേട്ടന്‍ ഭൂതമാണെന്ന് പറഞ്ഞത് ചുമ്മാതൊന്നുമല്ല...ങാ ഹാ)

 
At 1:57 AM, Blogger അതുല്യ said...

ഉമേഷന്‍ മാഷേ, എനിക്കിനിയെന്ന് ഒരു അപ്പുന്റെ അനിയന്‍ ഉണ്ടാവും?

 
At 2:01 AM, Blogger ദേവന്‍ said...

ഞാനെപ്പഴേ മെയില്‍ അയച്ചു വക്കാരി.

 
At 2:19 AM, Blogger ദേവന്‍ said...

ഇവിടെ ജാതകമല്ലാതുല്യേ, പഞ്ചാംഗമാ.

ജാതകം ഞാന്‍ പറയാം.
അതുല്യ, കണ്ണൂസ്‌, സിദ്ധാര്‍ത്ഥന്‍, ഇബ്രു, പെരിങ്ങോടന്‍, കുറുമാന്‍, വിശാലന്‍, സാഗരം, വള്ളുവനാടന്‍ എന്നിവരുടെ 2006 ആണ്ടുഫലം

സ്ഥാവരവാടകയിനത്തില്‍ കൊടും നഷ്ടം

പെരുവഴിയില്‍ രാവിലേയും വൈകുന്നേരവും രണ്ടു മണിക്കൂര്‍ വീതം വാഹനത്താല്‍ കിളിത്തട്ടുകളി.

ഉദ്യോഗത്തില്‍ അസ്ഥിരതായാലുണ്ടാകുന്ന അരക്ഷിതാവസ്ഥ

ചൂടുകാലത്ത്‌ തളര്‍ച്ച, തണുപ്പുകാലത്ത്‌ സന്ധിവേദന.

പച്ചക്കറി, പാല്‍,മീന്‍, കോഴി, മുട്ട, ആട്‌, മാട്‌, വിപ്ലവാരിഷ്ടം എന്നിവക്ക്‌ വില കയറിയതിനാല്‍ ഒരിക്കലൂണ്‌ -കുടിവെള്ളത്തിനും വില കൂടുന്നതാകയാല്‍ തൊണ്ടവരണ്ട്‌ തെണ്ടിനടക്കല്‍ (ഡീസല്‍ വിലവര്‍ദ്ധന, വെള്ളം ഒട്ടകപ്പുറത്ത്‌ ചുമക്കേണ്ടി വരും)

നാട്ടിലേക്കുള്ള പണമയക്കല്‍ ജോലിയില്‍ കുറവ്‌.

ആണ്ട്‌ ഫലം ഒറ്റവാക്കില്‍ > നിഷ്ഫലം

 
At 2:26 AM, Blogger myexperimentsandme said...

ഹ...ഹ... ദേവേട്ടാ, നിങ്ങളുടെയെല്ലാം ദശാബ്ദഫലം കലക്കി.

(അഖിലലോക അനോണിയസോസിയേഷന്‍ പ്രസിഡണ്ട് അന്തോണി ഗോണ്‍സിഫിലസ് അദ്ദേഹത്തിനെ ഇനി എന്ന് അകത്തുകടത്തും എന്നൊന്നു ഗണിച്ചുപറയാമോ എന്നും ഉമേഷ്‌ജിയോട് ചോദിച്ചിരിക്കുന്നു).

 
At 2:36 AM, Blogger അതുല്യ said...

ആരോ ഒരുവന്‍ പ്രാര്‍ത്തിച്ച്‌ പോലും, എനിക്കെല്ലാരേയും കൊല്ലണം. ദൈവമേ വരം വേണം, മറുപടി വന്നു, മോനേ, അവനൊക്കെ ജനിച്ച്‌ വീഴുന്നത്‌ 22ആം നൂറ്റാണ്ടിലേയ്കല്ലേ, ആരും കൊല്ലണ്ട, ചത്തോളും തന്നെത്താന്‍.

ദേവാ ഫലം നന്നായി. ഇനി കാത്തിരിയ്കണ്ടല്ലോ...

 
At 9:01 AM, Blogger ഉമേഷ്::Umesh said...

കൂട്ടരേ,

എന്നെ ഒരു ജ്യോത്സ്യനാക്കരുതേ. ഈ കപടശാസ്ത്രത്തിനെതിരേ അഹോരാത്രം പൊരുതുന്നവനാണു ഞാന്‍. ജ്യോത്സ്യത്തെപ്പറ്റി ഒരുപാടു പഠിച്ചിട്ടുണ്ടു്. ഗ്രഹനില മലയാളത്തില്‍ വരയ്ക്കുന്ന ഒരു കമ്പ്യൂ‍ട്ടര്‍ പ്രോഗ്രാമും എഴുതിയിട്ടുണ്ടു്. ഒരു Statistical science എന്ന നിലയ്ക്കെങ്കിലും (കാലാവസ്ഥാപ്രവചനം പോലെ) അതിനു പ്രസക്തിയുണ്ടെന്നു് ഒരിക്കല്‍ വിചാരിച്ചിരുന്നു. അതുപോലുമില്ല എന്നാണു് എന്റെ ലേറ്റസ്റ്റ് കണ്‍‌ക്ലൂഷന്‍. ഇതിനെപ്പറ്റി വിശദമായ ഒരു പോസ്റ്റാക്കണമെന്നുണ്ടു്.

ഗണിതം ഉള്ള എന്തും എനിക്കിഷ്ടമാണു്. കര്‍ണ്ണാടകസംഗീതത്തിന്റെ ഗണിതവശങ്ങളെപ്പറ്റി ഒരുപാടു പഠിച്ചിട്ടുണ്ടു്. വാ തുറന്നു് ഒരു വരി പാട്ടു പാടാന്‍ പറ്റില്ലെന്നു മാ‍ത്രം. നക്ഷത്ര-ഗ്രഹനിരീക്ഷണത്തിനായി ബോംബെയില്‍ വെച്ചെഴുതിയതാണു് ഈ പ്രോഗ്രാമിന്റെ മൂലരൂപം. ആകാശത്തു് എവിടെയൊക്കെ നോക്കിയാല്‍ ഓരോ സാധനത്തിനെ കാണാം എന്നു കണ്ടുപിടിക്കാന്‍. അതിന്റെ ഇങ്ങനെയൊരു സാദ്ധ്യതയെപ്പറ്റി പിന്നീടാണു മനസ്സിലാക്കിയതു്.

ജ്യോത്സ്യം പഠിക്കുന്ന ഒരു സുഹൃത്തിനോടു് എന്റെ ജാതകമൊന്നുണ്ടാക്കിത്തരാന്‍ പറഞ്ഞിട്ടു ആറു മാസം കഴിഞ്ഞിട്ടും കിട്ടാഞ്ഞപ്പോള്‍ “ഞാനിതിനൊരു കമ്പ്യൂട്ടര്‍ പ്രോഗ്രാം എഴുതും” എന്നു ബെറ്റുവെച്ചു നാലുമാസം കൊണ്ടെഴുതിയതാണു് ജ്യോത്സ്യപ്രോഗ്രാം.

പിന്നീടു് കലണ്ടര്‍പ്രോഗ്രാം 2000-ല്‍ എഴുതി. ഇംഗ്ലീഷില്‍ ടെക്സ്റ്റ് ഫയലായി ഔട്ട്പുട്ട്. അതുകണ്ട നെല്ലിക്കാ രാജേഷ് വര്‍മ്മയാണു് മലയാളത്തിലാക്കാനുള്ള പ്രചോദനം. അന്നു ഞങ്ങള്‍ ശ്ലോകങ്ങള്‍ മലയാളം ഡൊക്യുമെന്റാക്കുന്ന ഒരു പ്രോജക്റ്റ് തുടങ്ങിയിരുന്നു. അതു പിന്നീടു് ഒരു യാഹൂ ഗ്രൂപ്പായി വളര്‍ന്നു് ഒരു വലിയ പ്രോജക്റ്റായി.

യാഹൂ ഗ്രൂപ്പ് ഇവിടെ.
ശ്ലോകപുസ്തകങ്ങള്‍ ഇവിടെ.

 
At 9:29 AM, Blogger ഉമേഷ്::Umesh said...

ലിങ്കുകള്‍ തെറ്റിപ്പോയി.

യാഹൂ ഗ്രൂപ്പ്
പുസ്തകങ്ങള്‍.

 
At 9:35 AM, Blogger ഉമേഷ്::Umesh said...

ഇതെന്താ ലിങ്കുകളിടുന്നതൊക്കെ പിന്നെയും കുളമാകുന്നതു്?

യാഹൂ ഗ്രൂപ്പ്
പുസ്തകങ്ങള്‍

ഇനി ശരിയായില്ലെങ്കില്‍ എന്റെ വിധം മാറുമേ!

 

Post a Comment

<< Home