Thursday, November 03, 2005

പടം



എന്റെ ഒരു പടം ബ്ലോഗിലും profile-ലും ഇടണമെന്നു കുറെക്കാലമായി വിചാരിക്കുന്നു. ഈ ബഹളമൊക്കെയുണ്ടാക്കുന്ന ഇവന്‍ എവന്‍, ഇവന്‍ എങ്ങനെയിരിക്കും (ആനപ്പുറത്തു്‌ ഇരിക്കും), ഇവന്റെ സ്വഭാവമെന്തു്‌ ഇത്യാദി ആളുകള്‍ക്കു സംശയമുണ്ടാവുക സ്വാഭാവികം.


അതിനാല്‍ ദാ പിടിച്ചോ. ഈ പടം ഇനി ഞാന്‍ കമന്റടിക്കുമ്പോഴും കാണേണ്ടിവരും.


പാപ്പാന്‍ എന്ന പേരില്‍ ഒരുത്തന്‍ ബൂലോകത്തില്‍ കറങ്ങുന്നുണ്ടു്‌. മൂപ്പര്‍ കേസു കൊടുക്കുമോ എന്തോ?


വലിയവരുടെ അടുക്കല്‍ നില്‍ക്കുമ്പോള്‍ എന്റെ എളിമയെയെപ്പറ്റി ഓര്‍ക്കാനും, ചെറിയവരുടെ കൂടെ നില്‍ക്കുമ്പോള്‍ എന്റെ വലിപ്പത്തെപ്പറ്റി അഹങ്കരിക്കാതിരിക്കാനും ശ്രമിക്കണമെന്നു്‌ എനിക്കു്‌ ആഗ്രഹമുണ്ടു്‌. അതുകൊണ്ടു്‌ ഈ പടം അല്‍പം symbolic ആണെന്നും പറയാം.


എന്റെ മുന്നില്‍ ഇരിക്കുന്നതു്‌ എന്റെ മകന്‍ വിശാഖ്‌. എന്റെ താഴെ നില്‍ക്കുന്നതു്‌ ഒരു Animal Safari (Roseberg, Oregon, USA)യില്‍ കണ്ടുമുട്ടിയ ഒരു പിടിയാന. പേരു ചോദിക്കാന്‍ വിട്ടുപോയി.


സ്പാമന്മാര്‍

‍കേരളപ്പിറവിയൊക്കെ ആയിട്ടു്‌ മലയാളത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നൊരു ചിന്ത. ബ്ലോഗെഴുതുന്നതു പോയിട്ടു്‌ മറ്റുള്ളവരുടെ ബ്ലോഗുകള്‍ വായിക്കാനോ പിന്മൊഴികള്‍ നോക്കുവാനോ കൂടി അടുത്ത കാലത്തു സാധിച്ചിട്ടില്ല.

എന്റെ ബ്ലോഗുകളിലാകെ സ്പാമന്മാരാണെന്നു പെരിങ്ങോടനും സിബുവുമൊക്കെ കുറെക്കാലമായി പറയുന്നുണ്ടു്‌. ഇന്നു രാവിലെ എല്ലാ ബ്ലോഗുകളിലും കയറി വാമന്മാരായ സ്പാമന്മാരെ മൊത്തം തുരത്തി. കൂടാതെ word verification ചേര്‍ത്തു.

ഇനി അക്ഷരാഭ്യാസവും ക്ഷമയുമുള്ള സ്പാമന്മാര്‍ക്കേ സ്പാമാന്‍ പറ്റൂ.